തിരഞ്ഞെടുപ്പ് ദിനങ്ങൾ അടുത്താൽ ഉടൻ സിപിഎം നടത്തുന്ന ഒരു സ്ഥിരം രാഷ്ടീയ തട്ടിപ്പാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളായ പാവങ്ങളെ പൊരിവെയിലത്തിറക്കിയുള്ള ഒരു ജാഥയും സമരവുമെല്ലാം. കഴിഞ്ഞ 15 വർഷത്തിലധികമായി തിരഞ്ഞെടുപ്പ് കാലത്ത് നടത്തുന്ന ഒരു പതിവ് രാഷ്ട്രീയ വേഷം കെട്ടൽ ഈ വർഷവും ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയ സമ്മർദ്ദമുപയോഗിച്ച് അവർ അതിനായി പാവപ്പെട്ട തൊഴിലാളികളെ വച്ച് ഒരു വർക്കേഴ്സ് യൂണിയനുണ്ടാക്കിയാണ് പ്രവർത്തിക്കുന്നത്.
രണ്ട് ദിവസമായി കണ്ണൂർ ജില്ലയിൽ പാവം തൊഴിലുറപ്പ് തൊഴിലാളികളെ പൊരിവെയിലത്ത് സമരം ചെയ്യിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സിപിഎം നേതാക്കളാണ് സമരം നയിക്കുന്നത്. ലോക്കൽ സെക്രട്ടറിമാരൊക്കെ ഘോര ഘോരം പ്രസംഗം നടത്തി അർമാദിക്കുകയാണ്. അവകാശ പ്രഖ്യാപനങ്ങൾ, വെല്ലുവിളികൾ, പ്രഖ്യാപനങ്ങൾ ഒക്കെയായി പരിപാടി കൊഴുപ്പിക്കാൻ നേതാക്കൾ കാര്യമായി തന്നെ അധ്വാനിക്കുന്നുമുണ്ട്. കുറ്റം പറയരുതല്ലോ, ലോക്കൽ നേതാക്കൾക്ക് ലഭിച്ച പാർട്ടി ക്ലാസുകളുടെ അനുഗ്രഹം കൊണ്ട് പാവം ആ തൊഴിലാളികളെ പറഞ്ഞു പറ്റിക്കാനും കഴിയുന്നുണ്ട്.
തൊഴിലുറപ്പ് പദ്ധതി മാത്രമല്ല തൊഴിലുറപ്പ് എന്ന വാക്കു പോലും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിൻ്റെ ആചാര്യന്മാർ കണ്ടുപിടിച്ചതാണെന്ന് അവകാശപ്പെടാൻ വരെ ഒരു മടിയുമില്ലാതെ അവർ വാക്വിലാസമിറക്കുന്നുണ്ട്.
എന്നാൽ യഥാർത്ഥ്യമെന്ത്?
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MNREGS) 2005 ഓഗസ്റ്റ് 25-ന്, ഡോ. മൻമോഹൻ സിംഗ് എന്ന കോൺഗ്രസുകാരൻ ഇന്ത്യൻ പ്രധാനമന്ത്രിയായിരിക്കെയാണ് ഇന്ത്യൻ പാർലമെൻ്റിൽ അവതരിപ്പിച്ചത്. കേരളത്തിൽ പദ്ധതി ആരംഭിച്ചപ്പോഴും നടപ്പിലാക്കിയപ്പോഴും അതേ കോൺഗ്രസുകാരനായ ഡോ.മൻമോഹൻ സിംഗ് തന്നെയായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി. പൊതു ജോലി ചെയ്യാൻ തയ്യാറുള്ള ഏതൊരു ഗ്രാമീണ കുടുംബത്തിലെയും മുതിർന്ന അംഗങ്ങൾക്ക് MGNREGA എല്ലാ സാമ്പത്തിക വർഷത്തിലും നൂറ് ദിവസത്തെ തൊഴിലിന് നിയമപരമായ ഗ്യാരണ്ടി നൽകുന്നു എന്ന പ്രഖ്യാപനത്തോടെയാണ് പദ്ധതി ആരംഭിച്ചത്. നിയമാനുസൃത മിനിമം വേതനം എന്ന നിലയിൽ അന്നൊരു കൂലി നിശ്ചയിക്കുകയും ചെയ്തു.. സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് ഈ പദ്ധതിയുടെ മുഴുവൻ നടത്തിപ്പും കേന്ദ്ര ഗ്രാമവികസന മന്ത്രാലയ(എംആർഡി) മാണ് ഇന്നും നടത്തുന്നത്.
സി പി എം ഉം തൊഴിലുറപ്പും തമ്മിൽ എന്താണ് ബന്ധം.?
മൻമോഹൻ സിംഗ് സർക്കാർ പദ്ധതി പ്രഖ്യാപിക്കുമ്പോൾ യുപിഎ മുന്നണിയിൽ സിപിഎം ഉം ഉണ്ടായിരുന്നു. വേറേയും പാർട്ടികൾ ഉണ്ടായിരുന്നു. മുന്നണിയെയും സർക്കാരിനെയും പാലം വലിച്ച് താഴെയിറക്കാൻ അവിശ്വാസ പ്രമേയം അവതരിപ്പിച്ചതും ഇതേ സിപിഎം ആണ്. കേരളത്തിലും ബംഗാളിലും ത്രിപുരയിലും മൻമോഹൻ സിംഗിൻ്റെ കേന്ദ്ര സർക്കാർ പദ്ധതി പ്രഖ്യാപിച്ചപ്പോൾ തന്നെ ചുവന്ന കൊടിയുമായി പതിവ് പോലെ അവരെത്തി. പദ്ധതിക്ക് പാരവയ്ക്കാൻ പലതും ചെയ്തു കൂട്ടി. സിപിഎം നിയന്ത്രണത്തിലുള്ള പഞ്ചായത്തുകൾ 'ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിലെല്ലാം തടസ്സങ്ങൾ സൃഷ്ടിക്കാൻ ഭരണ സൗകര്യമുപയോഗിച്ച് ശ്രമിച്ചു. തൊഴിൽ സാധ്യതയും അത്യാവശ്യ ദൈനംദിന ജീവിത വരുമാനവും തേടിയെത്തിയവർ സിപിഎം യൂണിയനിലെ ഉദ്യോഗസ്ഥരായ കങ്കാണിമാർക്ക് മുന്നിൽ കൈ നീട്ടി നിൽക്കേണ്ടി വന്നു - തൊഴിൽ കാർഡിനായി, തൊഴിലിനായി, തൊഴിൽ ' ദിനങ്ങൾക്കായി, വേതനത്തിനായി. പ്രായം കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തവർ, വീട്ടമ്മമാർ, വയോജനങ്ങൾ, കൃഷിപ്പണി കുറഞ്ഞപ്പോൾ തൊഴിൽ ഇല്ലാതായ കർഷക തൊഴിലാളികൾ എന്നിവരൊക്കെയാണ് പദ്ധതിയിൽ തൊഴിലാളികളായി ചേർന്നത്. നൂറ് ദിവസമെങ്കിലും തൊഴിൽ കിട്ടുമല്ലോ എന്നവർ കരുതി. അത്തരം പാവങ്ങളെയാണ് ഇടതുപക്ഷ ഉദ്യോഗസ്ഥ രാഷ്ട്രീയ കങ്കാണിമാർ പതിയെ പതിയെ അമർത്തി, ഞെരുക്കി, ഒതുക്കി കമ്യൂണിസ്റ്റ് പാർട്ടിയുടെ ചുവന്ന കൊടിയുടെ കീഴിലെ അടിമകളാക്കി മാറ്റിയത്. പിന്നെ പാർട്ടി വക ഒരു യൂണിയനിട്ടു കൊടുത്തു. പിന്നെ അവകാശ പോരാട്ടങ്ങ് തുടങ്ങിച്ചു. വേതനം പോര, തൊഴിൽ ദിനം പോര, വേതനം കുടിശികയാക്കിയാൽ വേഗം കിട്ടണം എന്ന് തുടങ്ങിയ മുദ്രാവാക്യങ്ങൾ സ്ഥിരം മുദ്രാവാക്യങ്ങളാക്കി പ്രഖ്യാപിച്ചു. കൊടിക്കൂറ യുടെ കീഴിൽ അടിമകളെ പോലെ കഴിയും ആ പാവം തൊഴിലാളികൾ എന്ന് ഉറപ്പാക്കിയ മട്ടിലാണ് ഇപ്പോൾ സിപിഎം ഉള്ളത്.
ഇനി കേന്ദ്ര സർക്കാരിനെ പിരിച്ചുവിടാൻ സിപിഎം ലോക്കൽ സെക്രട്ടറിമാർക്ക് അധികാരം നൽകണം എന്ന് വരെ മുദ്രാവാക്യം ഉയർത്താനും സാധ്യത ഇല്ലാതില്ല. പാർട്ടിയുടെ ഉന്നത നേതാക്കൾ ജില്ലാ ആസ്ഥാനത്തെത്തിയാൽ പടുകൂറ്റൻ പ്രകടനവും പ്രസംഗം ഇരുന്ന് കേൾക്കാൻ കുറച്ച് സദസ്സിനെയും വേണമെങ്കിൽ പാർട്ടി ഉപയോഗിക്കുന്ന അടിസ്ഥാന സാങ്കേതികതയാണ് ഇപ്പോൾ തൊഴിലുറപ്പ് തൊഴിലാളികൾ. പാർട്ടി പരികൾക്ക് കുടുംബശ്രീക്കാർക്ക് ഒപ്പം കുത്തി നിറച്ച് കൊണ്ടു പോകാൻ പറ്റുന്ന അനുസരണയുള്ള അണികളാക്കി സിപിഎം ഈ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെ മാറ്റിയെടുത്തു. ഇന്ന് യൂണിയൻ, പാർട്ടിയുടെ സ്വകാര്യ കുത്തക സംഘടനായി മാറി കഴിഞ്ഞു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പഴയ കാലത്ത് ആരോ അനുഭവിച്ച പീഢനമെല്ലാം തൊഴിലുറപ്പിന് വേണ്ടിയാണെന്ന ബഡായിയുമായി പാർട്ടിയിറങ്ങും. സ്വന്തമായി സേനയും ഭരണവും കോടതിയും ഒക്കെയുള്ള പാർട്ടിയെ പേടിച്ച്, പദ്ധതിയിലെ അവരുടെ ഇടതു പക്ഷ മേയ്റ്റ് കങ്കാണിമാരുടെ പുലയാട്ട് ഭയന്ന്, തൊഴിൽ ദിനങ്ങളും വരുമാനവും ജീവിതോപാധിയും നഷ്ടപ്പെടുമോ എന്ന് പേടിച്ച് അശ്ശരണരാക്കപ്പെട്ട പാവം തൊഴിലുറപ്പ് തൊഴിലാളികൾ ആട്ടിൻ കൂട്ടത്തെ പോലെ ആട്ടിത്തെളിക്കപ്പെട്ട് സിപിഎം ൻ്റെ രാഷ്ട്രീയ തട്ടിപ്പിൻ്റെ ഉപകരണങ്ങളാക്കപ്പെടുകയാണ് ഇപ്പോഴും. തിരഞ്ഞെടുപ്പ് കാലമായാൽ ഈ തൊഴിലാളികളുടെ വോട്ട് തട്ടിയെടുക്കാൻ വേണ്ടി അവരെ സമരമുഖങ്ങളിൽ എത്തിക്കും. എത്തിയില്ലെങ്കിൽ ഭീഷണി, പേര് വെട്ടൽ ഒക്കെയായുള്ള കല പരിപാടിയുമായി പാർട്ടി സ്വയം സഹായ തൊഴിലാളികൾ സജീവമാകും. ഭീഷണിയുടെ ഒടുക്കം പറയുന്ന ഒരു നൊസ്റ്റാൾജിക് ഡയലോഗ് കേൾക്കുന്നതോടെ ആ പാവം തൊഴിലാളികൾ അടിമത്വത്തിൻ്റെ സ്വപ്ന ലോകത്തേക്ക് ചായും. - ആ ഡയലോഗ് എതെന്നല്ലേ? "ഈ പദ്ധതി കഷ്ടപ്പെട്ട് ബുദ്ധിമുട്ടി കണ്ടു പിടിച്ച് ഒരു വിധത്തിൽ നടപ്പിലാക്കി നിങ്ങൾക്ക് ഒരു വരുമാനമായിക്കോട്ടെ എന്ന് വിചാരിച്ച് തന്നത് നമ്മൾ സഖാക്കളാണ്. അതോർമ്മ വേണം കേട്ടോ " ഇതോടെ പാവം തൊഴിലാളി ബോധം നഷ്ടപ്പെട്ട്ട്, വശംവദനായി പാർട്ടിക്ക് കീഴടങ്ങി ഒരാവശ്യവുമില്ലാത്ത സമരമുഖങളിലേക്ക് തുഴയും. പദ്ധതി നടപ്പിലാക്കിയ കോൺഗ്രസ് ആരായി ?.... നടുക്കഷണം :- ആറ്റിലിറങ്ങിയ കാട്ടു കാളക്കൂട്ടത്തിലൊന്നിനെ മുതല പിടിച്ചു. കരയിൽ വിശ്രമിച്ചിരുന്ന ഒരു പേക്കാച്ചിത്തവള, ആ സമയത്ത് മുതലയുടെ തോടിൻ്റെ പുറത്തിരിപ്പുണ്ടായിരുന്നു. മുതല കാട്ടു കാളയെ കടിച്ചു വലിച്ച് കരയിലേക്ക് കൊണ്ടുവരുമ്പോഴേക്കും തവള ആറ്റിൽ ചാടി നീന്തിക്കയിലെത്തി വിളിച്ചു പറഞ്ഞു നടന്നു.- ആറ്റിലിറങ്ങിയ കാട്ടു കാളയെ 'ഞാനും' മുതലേച്ചനും കൂടി പിടിച്ചു കൊന്നേ......
CPM's monopoly on job security is a political job scam.